തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനില്‍ 13735 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായി നിയമന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ യാത്രാബത്ത ഇനത്തില്‍ 20,67,690 രൂപ ചെലവഴിച്ചിട്ടുണ്ട്. മൈസൂര്‍-തലശ്ശേരി, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതകളുടെ സര്‍വ്വേ പൂര്‍ത്തിയായെങ്കിലും അവ അപ്രായോഗികമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍-മംഗലാപുരം, എറണാകുളം-കായംകുളം റൂട്ടുകളിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിലെ തര്‍ക്കങ്ങളാണ് ഇക്കാര്യത്തില്‍ തടസ്സങ്ങളാകുന്നതെന്നും പി വിശ്വന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരെ മന്ത്രി അറിയിച്ചു.
സാമ്പത്തിക മാന്ദ്യം; പൊതുമേഖലാരംഗത്ത് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ ശ്രമം-വ്യവസായമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. കൂടുതല്‍ ബാങ്ക് വായ്‌പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കെ എസ് ഐ ഡി സി തീരുമാനിച്ച 48 പദ്ധതികളില്‍ 45 എണ്ണം ആരംഭിച്ചു. ഇതില്‍ 15 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2008 ജൂണ്‍ 30 വരെ 1156.28 കോടി രൂപയുടെ നിക്ഷേപം സൂക്ഷ്‌മ-ഇടത്തരം-ചെറുകിട മേഖലകളിലുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്തെ സാന്‍ഡിലെറ്റിന്റെ ഭൂമിയില്‍ ടെലികോം സിറ്റി സ്ഥാപിക്കുന്നതിനുള്ള സിഡ്‌കോയുടെ പദ്ധതി സര്‍ക്കാര്‍ അംഗികരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്റസ്‌ട്രീസിന്റെ ഭൂമി കിന്‍ഫ്രക്ക് നല്‍കി അവരുടെ നേതൃത്വത്തില്‍ അവിടെ വിവിധ കമ്പനികള്‍ ആരംഭിക്കാന്‍ നടപടികളെടുക്കും. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സി ഇ ഒമാരുടെ ശമ്പള സ്‌കെയില്‍ പരിഷ്‌ക്കരിക്കാന്‍ ആലോചിക്കുന്നുണ്ട്. സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തിയാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്. എന്നാല്‍ ശമ്പളം കുറവായതിനാല്‍ മികച്ച പ്രൊഫഷണലുകളെ കിട്ടുന്നില്ല.
ചേര്‍ത്തല ഓട്ടോകാസ്റ്റിലെ വീല്‍ ആന്റ് ആക്‌സില്‍ നിര്‍മ്മാണ യൂണിറ്റിന്റെ അന്തിമകരാര്‍ ഒരാഴ്‌ചക്കകം ഒപ്പിടും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 30 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായിട്ടുണ്ട്. ഇതില്‍ 27 എണ്ണം കഴിഞ്ഞ വര്‍ഷം ലാഭത്തിലായവയാണ്. മൊത്തം 40 സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഷ്‌ടത്തിലുള്ളവ രണ്ട് വര്‍ഷത്തിനകം ലാഭത്തിലാക്കും. കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ 2500 മെഗാവാട്ട് ഉല്‌പാദന ശേഷിയുള്ള തെര്‍മല്‍ പവര്‍പ്ലാന്റ് സ്ഥാപിക്കും. കെ എസ് ഇ ബിയും കെ എസ് ഐ ഡി സി യും ചേര്‍ന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയായിരിക്കും പദ്ധതിയുടെ കാര്യങ്ങള്‍ നോക്കുന്നത്. ഇതിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 200 ഏക്കര്‍ ഭൂമി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് കൈമാറാന്‍ ഉത്തരവായിക്കഴിഞ്ഞു. കെ എം എം സി അഴിമതി അന്വേഷണം സി ബി ഐ ഏറ്റെടുത്തിട്ടില്ല. പൊതുമേഖലാ സ്ഥാപന പുനരുദ്ധാരണത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 57 കോടി രൂപ അനുവദിച്ചതില്‍ 43.57 കോടി രൂപ ഇതിനോടകം നല്‍കിക്കഴിഞ്ഞു. എട്ട് ജില്ലകളില്‍ വ്യവസായ പാര്‍ക്കിന് അനുമതി നല്‍കിയിട്ടുണ്ട്. അപ്പോളോ ടയേഴ്‌സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഞ്ച് വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തര്‍ക്കം പൂര്‍ണ്ണമായും പരിഹരിക്കാനായിട്ടില്ല. മഞ്ചേശ്വരം പൈവളിനെയില്‍ ആരംഭിക്കുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ക്കിന്റെ സ്ഥലമെടുപ്പ് കളക്‌ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആരംഭിക്കും. 500 ഏക്കര്‍ സ്ഥലമാണ് ഇതിനായി ആവശ്യമായുള്ളത്. വിദേശമലയാളികള്‍ക്ക് വ്യവസായം തുടങ്ങുന്നതിന് ഭൂമി മുന്‍ഗണനാക്രമത്തില്‍ നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. www.ksidcinvest.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബി രാഘവന്‍, സി രവീന്ദ്രനാഥ്, എ എം ആരിഫ്, മുരളി പെരുനെല്ലി, എ സി മൊയ്‌തീന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വി ഡി സതീശന്‍ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.
വരള്‍ച്ച നേരിടാന്‍ ഒരു കോടി നല്‍കി-ജലമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച നേരിടാനുള്ള അടിയന്തിരസഹായമായി എല്ലാ ജില്ലാ കളക്‌ടര്‍മാര്‍ക്കും ഒരു കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയതായി ജലമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. അപേക്ഷിച്ച് 18 ശതമാനം മഴ കുറവ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ട്വിന്‍ കല്ലാര്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന വിഷയം ജല വകുപ്പ് ഊര്‍ജ്ജ വകുപ്പുമായി ചര്‍ച്ച ചെയ്യും. ജല അഥോറിറ്റിയുടെ ശാക്തീകരണത്തിന് ഓഫീസുകളുടെ പുനരുദ്ധാരണം ഏപ്രില്‍ മുതല്‍ നടപ്പിലാക്കും. ഇത് സംബന്ധിച്ച പഠനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളുരുവിന്റെ സഹായം തേടിയിട്ടുണ്ട്. പ്രത്യേക മീറ്റര്‍ നിലവിലില്ലാത്ത ക്വാര്‍ട്ടേഴ്‌സ്, ഫ്‌ളാറ്റ് എന്നിവിടങ്ങളിലെ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ണ്ണയിക്കാനാവുകയുള്ളൂവെന്നും ജോര്‍ജ്ജ് മേഴ്‌സിയര്‍, എം ഹംസ, കെ ശിവദാസന്‍നായര്‍, പി പി അബ്‌ദുള്ളക്കുട്ടി എന്നിവരെ മന്ത്രി അറിയിച്ചു.
കേരളത്തില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞു-ആരോഗ്യമന്ത്രി
തിരുവനന്തപുരം: 2005 മുതല്‍ 2008 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആത്മഹത്യാ പ്രവണത കുറയുകയാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി നിയമസഭയെ അറിയിച്ചു. 2007ലെ ആത്മഹത്യാ നിരക്ക് 26.3 ശതമാനമാണ്. ജാഗ്രതാസമിതി കള്‍ ശക്തിപ്പെടുത്താനും ഹൈസ്‌കൂളുകളില്‍ കൗണ്‍സിലിംഗ് നടത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കേന്ദ്രമാക്കി ആരംഭിക്കുന്ന പുതിയ മെഡിക്കല്‍ സര്‍വ്വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വാര്‍ദ്ധക്യകാല പെന്‍ഷനില്‍ കുടിശ്ശികയുള്ള തുക ഈ വര്‍ഷം തന്നെ കൊടുത്തു തീര്‍ക്കും. 2008 വരെയുള്ള തുക ഇതിനോടകം ജില്ലാകളക്‌ടര്‍മാര്‍ക്ക് നല്‍കിയതായും എന്‍ ശക്തന്‍, റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍, ജോസഫ് എം പുതുശ്ശേരി എന്നിവരെ മന്ത്രി അറിയിച്ചു.
വിമാനയാത്രയിലും ഫോണ്‍വിളിയിലും അതിഥി സത്‌ക്കാരത്തിലും മുന്നില്‍ മുഖ്യന്‍
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിമാനയാത്ര, ടെലിഫോണ്‍ ചാര്‍ജ്, അതിഥി സത്‌ക്കാരം തുടങ്ങിയവക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ വിമാനയാത്രക്കായി ഇതുവരെ 16,01,631 രൂപയാണ് സര്‍ക്കാരിന് ചെലവ്. മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള ഫോണ്‍ ബില്‍ 9,72,691 രൂപയാണ്. അതിഥി സല്‍ക്കാരത്തിനായി 7,25,506.50 രൂപയും ചെലവഴിച്ചു. ടി എ , ഡി എ ഇനത്തില്‍ ഏറ്റവും കുറവ് തുക ചെലവിട്ടത് മുഖ്യമന്ത്രിയാണ്-390142 രൂപ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രന്‍ 10.32 ലക്ഷം രൂപയുടെ വിമാനയാത്ര നടത്തിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ 2.03 ലക്ഷം രൂപ, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് 1.77 ലക്ഷം രൂപ എന്നിങ്ങനെയാണ് വിമാനയാത്രയ്‌ക്കായി ചെലവാക്കിയത്.
അതിഥി സത്‌ക്കാരത്തിനായി ചെലവഴിച്ച തുകയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് തൊഴില്‍മന്ത്രി പി കെ ഗുരുദാസനാണ്. 2,67,212.50 രൂപയാണ് അദ്ദേഹം ചെലവിട്ടത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് 61,405 രൂപ ചെലവാക്കി. ഏറ്റവും കുറവ് തുക ചെലവിട്ടത് സഹകരണ മന്ത്രി ജി സുധാകരനാണ്-57,055.25രൂപ.
ടെലിഫോണ്‍ ചാര്‍ജ്ജ് ഇനത്തില്‍ 5,86,580 രൂപയുമായി വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് രണ്ടാം സ്ഥാനത്ത്. മോന്‍സ് ജോസഫിനാണ് ഈയിനത്തില്‍ ഏറ്റവും കുറവ്-1,87,850 രൂപ. ടി എ/ഡി എ ഇനത്തില്‍ എം എ ബേബി 13,83,301 രൂപ ചെലവഴിച്ച് ഒന്നാം സ്ഥാനത്താണ്. എസ് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്-13,40,070 രൂപ. മോന്‍സ് ജോസഫ് 8,14,523 രൂപ ഈയിനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്. വിമാനയാത്രാക്കൂലിയിനത്തില്‍ രണ്ടാം സ്ഥാനത്ത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്-13,76,622 രൂപ. എന്നാല്‍ ദേവസ്വംമന്ത്രി ജി സുധാകരനാകട്ടെ വിമാനയാത്രയേ നടത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ടി എ/ഡിഎ ഇനത്തില്‍ 9.33ലക്ഷവും, വിമാനയാത്രക്കായി 5.75 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment