Thursday, February 19, 2009

സംസ്ഥാന പോലീസില്‍ 272 'ക്രിമിനലുകള്‍'

തിരുവനന്തപുരം: കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാന പോലീസില്‍ കൈക്കൂലിക്കേസില്‍ 72 പേരും വരവില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ രണ്ട്‌ പേരും സാമ്പത്തിക അഴിമതിക്കേസുകളില്‍ 17 പേരും ക്രിമിനല്‍ കുറ്റങ്ങളില്‍ 182 പേരും ഉള്‍പ്പെടെ ആകെ 272 പോലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു. 289 പേര്‍ വകുപ്പ്‌ തല അന്വേഷണം നേരിടുന്നുണ്ട്‌. ഇതില്‍ രണ്ട്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ ഉദ്യോഗസ്ഥരും രണ്ട്‌ സി ഐ മാരും 15 എസ്‌ ഐമാരും 16 എ എസ്‌ ഐമാരും ഉള്‍പ്പെടുന്നുണ്ട്‌. കൈക്കൂലി വാങ്ങിയതിനെത്തുടര്‍ന്ന്‌ 41 പോലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. തിരുവനന്തപുരം റെയിഞ്ച്‌ ഐ ജി യുടെ അന്വേഷണത്തെത്തുടര്‍ന്ന്‌ നിര്‍ബന്ധിത പണപ്പിരിവ്‌ നടത്തിയതിന്‌ ഹൈവേ പോലീസില്‍ നിന്നും 29 പേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. അഴിമതി തടയുന്നതിന്റെ ഭാഗമായി ഒരു പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജനറലിനെ ഇന്റേണല്‍ ചീഫ്‌ വിജിലന്‍സ്‌ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത്‌ 1097 കൊലപാതകങ്ങള്‍ നടന്നു. 2462 കവര്‍ച്ചകളുണ്ടായി. ഇതില്‍ 1054 എണ്ണം പൊതുസ്ഥലത്തും 172 എണ്ണം വാഹനങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തിയുമാണ്‌. വിവിധ ജയിലുകളിലായി 17 പേര്‍ കൊല്ലപ്പെട്ടു. എട്ട്‌ ബാങ്ക്‌ കവര്‍ച്ചകളും, 3277 പിടിച്ചുപറിക്കേസുകളുണ്ടായി. സര്‍ക്കാര്‍ കാലയളവില്‍ 21,257 സ്‌ത്രീ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പീഡനത്തിനിരയായ 41 പേര്‍ അഞ്ച്‌ വയസ്സിന്‌ താഴെയുള്ളവരാണ്‌. അഞ്ച്‌ വയസ്സിനും 15നും ഇടക്കുള്ള 574 പേരെയും 15നും 30 നും ഇടയില്‍ 9979, 30നും 60നും ഇടയില്‍ 10480, 60നു മുകളില്‍ വയസ്സുള്ള 210 പേരെയും പീഡിപ്പിച്ചിട്ടുണ്ട്‌. 685 പെണ്‍കുട്ടികളെ കാണാതായി. സംസ്ഥാനത്ത്‌ 35 പെണ്‍വാണിഭക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
ഈ മന്ത്രിസഭയിലെ മന്ത്രിമാരുടെയോ പോലീസ്‌ അകമ്പടിയുടെയോ വാഹനങ്ങള്‍ മൂലം ഇതുവരെ എട്ട്‌ അപകടങ്ങളുണ്ടായി. ഇതില്‍ കോടിയേരി ബാലകൃഷണന്റെയും ബിനോയ്‌ വിശ്വത്തിന്റെയും വാഹനങ്ങളിടിച്ച രണ്ട്‌ പേര്‍ മരിച്ചു. അപകടങ്ങളില്‍ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റതായും കെ അച്യുതന്‍, പി സി വിഷ്‌ണുനാഥ്‌, എ സി അനില്‍കുമാര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി തുടങ്ങിയവര്‍ക്ക്‌ മന്ത്രി മറുപടി നല്‍കി.

No comments:

Post a Comment